കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ ആശങ്കയായി ഫ്ളൊറോണ. കൊറോണയുടേയും ഇന്‍ഫ്ളുവന്‍സയുടേയും അണുബാധ ചേര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. ഇസ്രയേലിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേലിലെ റാബിന് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. യുവതി കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്രയേലില്‍ ഇന്‍ഫ്ളുവന്‍സ കേസുകളില്‍ വര്‍ധനയുണ്ടായിരുന്നു. ഇന്‍ഫ്ളുവന്‍സയ്ക്ക് കാരണമായ വൈറസും കൊറോണ വൈറസും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുന്നതാണ് പുതിയ രോഗാവസ്ഥയ്ക്ക് കാരണം. ലോക വ്യാപകമായി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്നതിനിടെ ഫ്ളൊറോണ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.