കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് പിഴവ് സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് സേനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടെ സംഘമാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശത്തിനയച്ചു.
എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിംഗിന്റെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണം നടന്നത്. റിപ്പോര്‍ട്ട് അടുത്തയാഴ്ച വ്യോമസേനാമേധാവി എയര്‍മാര്‍ഷല്‍ വി. ആര് ചൗധരിക്ക് കൈമാറും.
വ്യോമയാനമേഖലയില്‍ കണ്ട്രോള്ഡ് ഫ്ളൈറ്റ് ഇന്‍ ടു ടെറെയ്ന്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാകാം അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഭൂപ്രകൃതിയുടെ സ്വഭാവം തിരിച്ചറിയുന്നതില്‍ വന്ന പിഴവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഡിസംബര്‍ എട്ടിനാണ് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം പതിനാല് പേരാണ് അപകടത്തില്‍ മരിച്ചത്. വെല്ലിങ്ടണില്‍ ഒരു പരിശീലനപരിപാടി നയിക്കുന്നതിനാണ് റാവത്ത് എത്തിയത്. മരിച്ച സൈനികരില്‍ മലയാളിയും ഉണ്ടായിരുന്നു.