റിഹാബ് ഫൗണ്ടേഷനും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രന്‍; രാഷ്ട്രീയ വിവരക്കേടെന്ന് ഖാസിം ഇരിക്കൂര്‍

നിരോധിച്ച പിഎഫ്ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎന്‍എലിന്റെയും തലവന്‍. എല്‍ഡിഎഫില്‍ നിന്ന് ഐഎന്‍എല്ലിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പിഎഫ്ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപഐമ്മിനും കോണ്‍ഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആര്‍.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐഎന്‍എല്‍ രംഗത്തെത്തി.
സുരേന്ദ്രന്റേത് രാഷ്ട്രീയ വിവരക്കേടും അസംബന്ധവുമാണെന്ന് ഐഎന്‍എല്‍ നേതാവ് ഖാസിം ഇരിക്കൂര്‍ പറഞ്ഞു. അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല. നേതൃത്വത്തില്‍ ആര്‍ക്കും തന്നെ റിഹാബ് ഫൗണ്ടേഷനുമായി നിലവില്‍ ഒരു ബന്ധവുമില്ല. മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ഖാസിം ഇരിക്കൂര്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു ഖാസിം ഇരിക്കൂറിന്റെ പ്രതികരണം.