മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാച്ചിനില്‍ കാണാതായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1984 മെയ് 29 മുതല്‍ കാണാതായ 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായ ചന്ദര്‍ശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പാകിസ്താനെതിരെ പോരാടാന്‍ 1984ല്‍ സിയാച്ചിനിലെ ഗ്യോങ്ല ഹിമാനിയിലേക്കുള്ള ‘ഓപ്പറേഷന് മേഘദൂതിനായി’ വിന്യസിച്ച 20 സൈനികരില്‍ ഒരാളായിരുന്നു ചന്ദര്‍ശേഖര്‍ ഹര്‍ബോള. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ ഹിമക്കാറ്റില്‍ 20 സൈനികരെയും കാണാതായി. പതിനഞ്ച് പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടന്ന ആര്‍മി ടാഗുകളാണ് ചന്ദര്‍ശേഖറിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായകമായതെന്ന് സൈന്യം പറയുന്നു. തുടര്‍ന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് മൃതദേഹം ചന്ദര്‍ശേഖറിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സിയാച്ചിന്‍ ഗ്ലേഷ്യര്‍ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രില്‍ 13ന് ആരംഭിച്ച ഇന്ത്യന്‍ സേനയുടെ സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷന് മേഘദൂത്’. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി സിയാച്ചിന്‍ ഗ്ലേഷ്യറിന്റെ പൂര്‍ണ നിയന്ത്രണം ഇന്ത്യ കൈക്കലാക്കിയിരുന്നു.