‘ഓസ്‌ട്രേലിയയെ തോല്‍പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് നേടാനാകില്ല’; മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്വന്തം മണ്ണില്‍ കങ്കാരുക്കളെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടാനാകില്ലെന്ന് ഗംഭീര്‍ പറഞ്ഞു. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി20യ്ക്ക് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനിതു നേരത്തെ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു. ഓസ്‌ട്രേലിയയെ തോല്‍പിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനാകില്ല. 2007ലെ ടി20 ലോകകപ്പ് നോക്കൂ. നമ്മള്‍ അവരെ സെമി ഫൈനലില്‍ തോല്‍പ്പിച്ചു. 2011 ഏകദിന ലോകകപ്പില്‍ നമ്മള്‍ അവരെ ക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ചു. ഓസ്‌ട്രേലിയ കടുപ്പമേറിയ ടീമാണ്. അവരെ തോല്‍പ്പിക്കാനായാല്‍ മറ്റേതു ടീമിനെയും കീഴടക്കാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ആകെ ആറ് ടി20 മത്സരങ്ങളാണുള്ളത്. മൂന്നെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയും മൂന്നെണ്ണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ്.