ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റേതാണ് നിര്‍ദേശം. കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കളക്ടര്‍മാര്‍ ഉറപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിര്‍ദേശിച്ച കോടതി മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഇടപെടല്‍. റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ എന്ത് നടപടിയെടുത്തുവെന്നും ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളില്‍ നടക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.