ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷകളിൽ മറ്റന്നാൾ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ വി എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അതേ സമയം പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടിമാർ രഹസ്യ മൊഴികളടക്കം നൽകിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതി അറിയിച്ചിരുന്നു.
ജാമ്യമില്ല വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുകയും ചെ്യതിരുന്നു.
അതേ സമയം, തനിക്കെതിരായ ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക് മെയിലിംഗിന്റെ ഭാഗമാണ് എന്നുമാണ് മുകേഷ് പറഞ്ഞത്. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിച്ചു.ബലാത്സംഗ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ട്. പക്ഷേ മുകേഷ് രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. സിനിമയും ആയി ബന്ധപ്പെട്ട സമിതികളിൽ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.