ബിയര്‍ നിറച്ച ഷൂ അവതരിപ്പിച്ച് ഡച്ച് കമ്പനിയായ ഹെയ്നെകന്‍. ഹെനികിക്സ് എന്നാണ് ഈ ഷൂവിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ബിയറിനൊപ്പം ഒരു ഓപ്പണറും ഇതില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രത്യേക ഡിസൈനര്‍ ഷൂവാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
പ്രശസ്ത ഷൂ ഡിസൈനറായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നെകന്‍ ഷൂ നിര്‍മിച്ചിരിക്കുന്നത്. കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകന്‍ സില്‍വറിനെ പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് ബിയര്‍ നിറച്ച ഷൂകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകെ 34 ജോഡി ഷൂകള്‍ മാത്രമേ കമ്പനി നിര്‍മിക്കുന്നുള്ളൂ. അവയില്‍ 7 എണ്ണം ഈ വര്‍ഷം അവസാനം സിംഗപ്പൂരില്‍ പ്രദര്‍ശനത്തിന് വയ്ക്കും. വിയറ്റ്നാം, കൊറിയ, തായ്വാന്, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ എല്ലാം ഈ ലിമിറ്റഡ് എഡിഷന് ഷൂകള്‍ ലഭ്യമാണ്. ഹെയ്നകെന്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ തന്നെയാണ് ഷൂവും നിര്‍മ്മിച്ചിരിക്കുന്നത്.
ഷൂവിന്റെ അടിഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അത് പുറത്ത് നിന്ന് കാണാന്‍ പാകത്തിന് സുതാര്യമാണ്. ഒരു പ്രത്യേക കുത്തിവയ്പ്പ് രീതി ഉപയോഗിച്ചാണ് ഷൂവിന്റെ അടിഭാഗത്ത് ബിയര്‍ നിറച്ചിരിക്കുന്നത്. നടന്ന് ക്ഷീണിക്കുമ്പോള്‍ തൊണ്ട നനയ്ക്കാന്‍ ഷൂവിനൊപ്പമുള്ള ഓപ്പണര്‍ ഉപയോഗിച്ച് തുറന്നു കുടിക്കാം.എന്നാല്‍ ഒരു പ്രശ്നമുള്ളത് ദിവസേനയുള്ള ഉപയോഗത്തിന് പറ്റിയതല്ല ഈ ഷൂ എന്നതാണ്. എല്ലാ ദിവസവും ഇതും ഇട്ട് നടക്കാന്‍ സാധിക്കില്ല എന്ന് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.