ലാലിയുടെ ഹൃദയം ലീനയിൽ മിടിക്കാൻ തുടങ്ങി

മസ്തിഷ്കമരണം സംഭവിച്ച ലാലി ടീച്ചറുടെ കുടുംബം സംസ്ഥാന സർക്കാർ സംവിധാനമായ മൃതസഞ്ജീവനി യിലൂടെ ദാനം ചെയ്ത ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശി ലീനയിൽ പ്രവർത്തനനിരതമായി. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ലീനയെ രാത്രി തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ലാലി ടീച്ചറിൽ നിന്ന് എടുത്ത ഹൃദയം മൂന്നുമണിക്കൂർ 52 മിനിറ്റിനുള്ളിൽ ലീനയിൽ പ്രവർത്തനനിരതമായതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. രാവിലെ നടത്തിയ വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷമാണ് ഡോക്ടർ ജോസ് ചാക്കോ ലീനയുടെ ആരോഗ്യ വിവരം വിശദീകരിച്ചത്. ഇതുവരെയുള്ള ആരോഗ്യസ്ഥിതിയിൽ പൂർണ തൃപ്തരാണെന്നും ലീന വെൻറിലേറ്ററിൽ തുടരുകയാണെന്നും നാളെ വെന്റിലറ്റോറിൽ നിന്ന് മാറ്റുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരെയും ആശുപത്രി അനുസ്മരിച്ചു. തുടർന്നുള്ള പരിശോധനകളെ പറ്റിയും ചികിത്സകളെ പറ്റിയും കാർഡിയോളജി വിഭാഗം മേധാവി ഡോ റോണി മാത്യു കടവിൽ വിശദീകരിച്ചു.

ഗുരുതര രോഗം ബാധിച്ച ലീനയുടെ ജീവൻ നിലനിർത്താനുള്ള ലിസി ആശുപത്രിയുടെ ഈ ശ്രമത്തിനു കൈത്താങ്ങായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർക്കൊപ്പം ഇതിന് സഹായിച്ച ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, മുൻ എം.പി. പി. രാജീവ്, അസിസ്റ്റൻറ് കമ്മീഷണർ കെ. ലാൽജി എന്നിവരോടുള്ള നന്ദിയും ഡയറക്ടർ ഫാദർ പോൾ കരേടൻ പ്രകാശിപ്പിച്ചു. ഈ ദൗത്യത്തിലൂടെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് സമൂഹത്തെ അറിയിക്കുവാനായി മാധ്യമങ്ങൾ വഹിക്കുന്ന വലിയ പങ്കിന് അവരെ പ്രത്യേകമായി അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ലീനയുടെ ചികിത്സയ്ക്ക് സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദിയും കടപ്പാടും ലീനയുടെ ഭർത്താവ് ഷിബു അറിയിച്ചു. ഇവർക്കൊപ്പം അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാദർ ജെറി ഞാളിയത്ത്, ഫാദർ ഷനു മൂഞ്ഞേലി, കാർഡിയാക് അനസ്തീഷ്യ വിഭാഗം മേധാവി ഡോക്ടർ ജേക്കബ് എബ്രഹാം, കാർഡിയോളജിസ്റ്റ് ഡോക്ടർ ജോ ജോസഫ്, ലീനയുടെ മകൻ ജസ്റ്റിൻ എന്നിവരും സന്നിഹിതരായിരുന്നു. ഡോ: ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിൽ ലിസി ആശുപത്രിയിൽ നടന്ന ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.