
വാസ്തു നോക്കാതെ നിര്‍മിച്ചത് കൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ എപ്പോഴും വഴക്കും ബഹളവും നടക്കുന്നതെന്ന് പറഞ്ഞ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെ പരിഹസിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.
കേരളാ ഹൈക്കോടതി പുതിയ കെട്ടിടം പണിതത് വാസ്തു നോക്കാതെയായിരിക്കണം. ഉദ്ഘാടനം നടന്ന അന്നുമുതല്‍ ഇന്നുവരെ ആ കെട്ടിടത്തിനുള്ളില്‍ എന്നും തര്‍ക്കമാണ് എന്ന് പരിഹസിച്ച് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജനാധിപത്യം തൂത്തെറിഞ്ഞ, കാലഹരണപ്പെട്ട ഫ്യുഡല്‍ ഊളകളായാലും കാര്യം പറഞ്ഞാല്‍ നമ്മള്‍ കേള്‍ക്കണം എന്നും ഹരീഷ് വാസുദേവന്‍ പരിഹസിച്ച്
പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ പരിഹാസം.
പോസ്റ്റിങ്ങനെ-
കേരളാ ഹൈക്കോടതി പുതിയ കെട്ടിടം പണിതത് വാസ്തു നോക്കാതെയായിരിക്കണം. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പോലും നോക്കിയിട്ടില്ല അപ്പൊ വാസ്തു എന്തായാലും നോക്കിക്കാണില്ല. ഉദ്ഘാടനം നടന്ന അന്നുമുതല്‍ ഇന്നുവരെ ആ കെട്ടിടത്തിനുള്ളില്‍ എന്നും തര്‍ക്കമാണ്.അങ്ങോട്ടുമിങ്ങോട്ടുമുള്ള തര്‍ക്കവും വിതര്‍ക്കവും.
രാവിലെ കുളിച്ചു യൂണിഫോമിട്ടു പുറത്ത് കാണുമ്പൊള്‍ അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചും അഭിവാദ്യം ചെയ്തും ചായ വാങ്ങിക്കൊടുത്തും സ്‌നേഹിക്കുന്നവര്‍ ഈ കെട്ടിടത്തിനുള്ളില്‍ കേറിയാല്‍ അപ്പൊ തുടങ്ങും പരസ്പരം തര്‍ക്കിക്കാന്‍..
ജനാധിപത്യം തൂത്തെറിഞ്ഞ, കാലഹരണപ്പെട്ട ഫ്യുഡല്‍ ഊളകളായാലും കാര്യം പറഞ്ഞാല്‍ നമ്മള്‍ കേള്‍ക്കണം.
അതേസമയം വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ പരോക്ഷമായി പരാമര്‍ശിക്കുന്ന പ്രസ്താവന തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി നടത്തിയത്.
‘വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അത് അവരുടെ ഇഷ്ടം. പക്ഷേ കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ തെറ്റായി നിര്‍മിച്ചതാണ്.
അത് കെട്ടിയപ്പോള്‍ തൊട്ട് ഇന്നേവരെ അവിടെ വഴക്കില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. കൂടുതല്‍ ഞാന്‍ പറയുന്നില്ല. ആ കെട്ടിടത്തില്‍ എന്താണ് നടക്കുന്നത്. എന്നും ബഹളവും വഴക്കുമാണ്. അവിടെ സാധനങ്ങള്‍ വലിച്ചെറിയുന്നു. ചിലര്‍ ടേബിളില്‍ കയറി ഡാന്‍സ് കളിക്കുന്നു.
വാസ്തു അനുസരിച്ച് നിര്‍മിക്കാത്തത് കൊണ്ട് അവിടെ എന്തെല്ലാമാണ് നടക്കുന്നത്’. ഗൗരി ലക്ഷ്മിഭായ് പറഞ്ഞു. താന്‍ അതിന്റെ പേര് പറയുന്നില്ലെന്നും നാളെയത് വിവാദമാകുമെന്നും ഗൗരി ലക്ഷ്മിഭായ് പറയുന്നു.
ഞാനെന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും അത് എടുത്ത് പത്രത്തില്‍ കൊടുക്കുമെന്നും അവര്‍ പറയുന്നു. അതേസമയം ഈ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.