സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ ഹരിഷ് പേരടി പങ്കുവെച്ച ഒരു കുറിപ്പാണ്. റിയലിസ്റ്റിക് സിനിമ ആവർത്തനങ്ങൾ പ്രേക്ഷകർക്ക് മടുത്തു എന്ന് പറയുകയാണ് ഇദ്ദേഹം. താരം പങ്കുവെച്ച കുറിപ്പിലൂടെ.
മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം …ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ…തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും.
നാടകക്കാർ റെഡിയാണ്…നിങ്ങൾ റെഡിയാണോ. സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് …ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും. ഏത് സർക്കാറും പിന്നാലെ വന്നോളും. അത് അപ്പോൾ ആലോചിക്കാം. ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയിൽ നിന്ന് തന്നെ തുടങ്ങാം.
നാടകവും റെഡിയാണ്…ശാന്തന്റെ “ഭൂപടം മാറ്റി വരക്കുമ്പോൾ” റഫീക്കിന്റെ സംവിധാനത്തിൽ കോഴിക്കോട്ടെ നാടകക്കാർ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും. ധൈര്യമുള്ള തിയേറ്റർ ഉടമകൾ മറുപടി തരിക. നാളെയെങ്കിൽ നാളെ..ഞങ്ങൾ റെഡിയാണ്.