വിവാഹ ആഘോഷം അതിരുവിട്ടു; വരന്റെ വെടിയേറ്റ് സുഹൃത്ത് മരിച്ചു; വിഡിയോ പുറത്ത്

വിവാഹത്തിനിടെ പല സംഭവങ്ങളുമുണ്ടാകാറുണ്ട്. തര്‍ക്കങ്ങളുടെ പേരില്‍ അടിപിടിയും അതിരുവിട്ട ആഘോഷവും വിവാഹം വേണ്ടെന്നുവയ്ക്കുന്ന അവസ്ഥയുമെല്ലാം നിത്യസംഭവങ്ങളായിരിക്കുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിവാഹത്തിനിടെ ഉണ്ടായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വിവാഹ ദിനത്തില്‍ വരന്‍ വെടിയുതിര്‍ത്തുകയും ഒരാള്‍ വെടിയേറ്റ് വീഴുന്നതുമാണ് വിഡിയോയില്‍. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സോനബദ്ര ജില്ലയിലെ ബ്രഹ്‌മനഗറിലാണ് സംഭവം. വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവരുന്നതും ആഘോഷങ്ങളുടെ ഭാഗമായി ഇയാള്‍ വെടിയുതിര്‍ത്തുന്നതും കാണാം.

മനീഷ് മദേഷിയ എന്ന ആളാണ് വരന്‍. ഇയാളുടെ സുഹൃത്തായ ജവാനാണ് വെടിയേറ്റത്. ഇയാളുടെ തോക്കാണ് വരന്റെ കൈവശമുണ്ടായിരുന്നതെന്നാണ് വിവരം. വെടിയേറ്റ ഉടന്‍ ജവാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ വരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്തായി പൊലീസ് അറിയിച്ചു. തോക്കും കണ്ടെടുത്തു. പൊതു ഇടങ്ങളിലും ആഘോഷപരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാര്‍ത്തയെത്തുന്നത്.