ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിയും സി.പി.ഐ. നേതാവുമായ ജി.ആര്. അനില്‍. ആര്.എസ്.എസ്. മനസ്സുള്ള കോണ്‍ഗ്രസുകാരനാണ് ശശി തരൂരെന്ന് അനില്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന് എന്തിനാണ് മത്സരിക്കുന്നതെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നുണ്ട്.വാക്കുകൾ ഇതാണ്,
‘അഹങ്കാരംനിറഞ്ഞ പ്രസ്താവനയാണ് ശശി തരൂരിന്റേത്. ആ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിന്ന് മാത്രമല്ല, മുമ്പും ഈ ശൈലിയിലാണ് വിഷയങ്ങളെ കാണുന്നത്. ഇക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നവരേക്കുറിച്ച് അദ്ദേഹം പറഞ്ഞത് കന്നുകാലി ക്ലാസില്‍ യാത്രചെയ്യുന്നവരെന്നാണ്’, ജി.ആര്. അനില്‍ പറഞ്ഞു.
‘പ്രചാരണത്തില്‍ എല്‍.ഡി.എഫ്. വളരെ മുന്നില്‍ നില്ക്കുമ്പോള് എന്തിനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എല്ലാവര്ക്കും, വിശേഷിച്ച് നഗരത്തിലുള്ളവര്‍ക്ക്, അറിയാവുന്ന കാര്യമാണ്. ചില മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബി.ജെ.പി. സ്ഥാനാര്‍ഥിയുമായാണ് മത്സരമെന്ന് തരൂര്‍ പറഞ്ഞതിന്റെ പിന്നിലെ രഹസ്യവും എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ നിലപാട് ജനങ്ങളിലേക്കെത്തിച്ച്, ആ ഭയപ്പാടോടുകൂടി വോട്ടുചെയ്തതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. അതേതന്ത്രമാണ് ഇത്തവണയും പ്രയോഗിക്കുന്നത്’.
അദ്ദേഹം ആര്.എസ്.എസ്. മനസ്സുള്ള കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം നമുക്കറിയാം. അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഒരുനിമിഷം ചിന്തിക്കാതെ ബി.ജെ.പിക്കാരേക്കാള്‍ ആവേശത്തോടെയാണ് അദ്ദേഹം നരേന്ദ്രമോദി എന്ന് പറഞ്ഞത്. അയാള്‍ ഒന്നാന്തരം ആര്.എസ്.എസ്സുകാരനായ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അത് കാണാം