ഓരോ താരത്തിനും അഞ്ച് ലക്ഷം നല്‍കും; സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് സംസ്ഥാന പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഓരാ താരത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. ഹെഡ് കോച്ച്, അസിസ്റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍, മാനേജര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും നല്‍കും.

ഈ മാസം രണ്ടിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന 75-ാം സന്തോഷ് ട്രോഫി ഫൈനലില്‍ വെസ്റ്റ് ബംഗാളിനെ തോല്‍പിച്ചാണ് കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം ചൂടിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4നായിരുന്നു കേരളത്തിന്റെ വിജയം. എക്സ്ട്രാ ടൈമില്‍ 97-ാം മിനിറ്റില്‍ ബംഗാളാണ് ആദ്യ ഗോളുമായി മുന്നിലെത്തിയത്. ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. 116-ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോള്‍ മടക്കി.മത്സരത്തിന്റെ ആദ്യപകുതിയില്‍ ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതി കേരളത്തിന്റെ ആധിപത്യമായിരുന്നു. തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്.

1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുന്‍പ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. മറുവശത്ത് നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലായിരുന്നു ബംഗാള്‍.