ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ നിന്നും സിനിമ താരങ്ങള്‍ പിന്മാറണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇത്തരം പരസ്യങ്ങളില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. റിമി ടോമി , വിജയ് യേശുദാസ് ,ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാര് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ വലിയ നടനാണ് ഷാരൂഖ് ഖാന് , അദ്ദേഹം പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലിയും അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്.
വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ എപ്പോഴും ഇത്തരം പരസ്യത്തില്‍ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് മാന്യന്മാര് പിന്മാറണം. അതിനായി താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെ നിയമം കൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് ഗണേഷ് കുമാറിന് മറുപടിയെന്നോണം മന്ത്രി വിഎന്‍. വാസവന് പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടതെന്നും, അവര്‍ക്കാണ് ഇക്കാര്യത്തില്‍ സ്വയം തോന്നലുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേര്‍ന്ന് അഭ്യര്‍ത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.