കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. ഹൈകമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ജി23 നേതാക്കളും പിന്തുണയ്ക്കുന്നത്.

മത്സര രംഗത്തുള്ള ശശി തരൂരിന് ജി 23 നേതാക്കളുടെ പിന്തുണ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനായി വാദിച്ച ജി 23 നേതാക്കള്‍പ്പമായിരുന്നു ശശി തരൂര്‍ നിലകൊണ്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ജി 23 നേതാക്കള്‍ തരൂരിനെ പിന്തുണയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരമനുസരിച്ച് ജി 23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്.

ജി 23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. ജി 23 ഒരു സംഘടനയല്ലെന്നും ആ പദം മാധ്യമ സൃഷ്ടിയാണെന്നും ശശി തരൂര്‍ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യമെന്നും തരൂര്‍ പറഞ്ഞിരുന്നു.