ആംആദ്മിയില്‍ നിന്ന് രാജിവച്ച ബല്‍വന്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ ബല്‍വന്ത് സിംഗ് മങ്കോട്ടിയ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മങ്കോട്ടിയയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റൈന എന്നിവര്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി മുന്‍ അധ്യക്ഷനാണ് മങ്കോട്ടിയ. രണ്ട് തവണ എംഎല്‍എയായിരുന്നു. ബിജെപിയില്‍ ചേരാന്‍ നിരവധി കാരണങ്ങളുണ്ടെന്നും എങ്കിലും ഈയടുത്ത് മഹാരാജ ഹരി സിംഗിന്റെ ജന്മദിനത്തിന് അവധി നല്‍കാനുള്ള തീരുമാനമാണ് ബിജെപിയില്‍ ചേരാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് മങ്കോട്ടിയ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മങ്കോട്ടിയ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എ യാഷ് പോള്‍ കുണ്ടലും എഴുന്നൂറോളം സര്‍പഞ്ചുമാരും പഞ്ചുമാരും ബിഡിസി ചെയര്‍മാനും ഡിസിസി അംഗങ്ങളും ചേര്‍ന്നാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.