സൊമാറ്റോയും സ്വിഗ്ഗിയും പണിമുടക്കി; പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഉപയോക്താക്കള്‍; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വിശദീകണം

രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും താത്കാലികമായി പണിമുടക്കി. സാങ്കേതിക തകരാര്‍ മൂലമാണ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ പരാതിയുമായി ഉപയോക്താക്കള്‍ രംഗത്തെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചത്. പലരും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.

തകരാര്‍ ഉണ്ടായതായി അംഗീകരിച്ച് സൊമാറ്റോ കെയര്‍ രംഗത്തെത്തി. ഉപയോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ സൊമാറ്റ ക്ഷമ ചോദിച്ചു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ തങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും അത് പരിഹരിക്കാന്‍ തങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും സൊമാറ്റോ പ്രതികരിച്ചു.

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തകരാറുകള്‍ പരിഹരിക്കുകയാണ് എന്ന് അറിയിച്ചു. സാങ്കേതിക പരിമിതികള്‍ നേരിടുന്നതിനാല്‍ നിലവില്‍ തങ്ങള്‍ക്ക് നിങ്ങളുടെ അഭ്യര്‍ത്ഥന പ്രോസസ്സ് ചെയ്യാന്‍ കഴിയുന്നില്ലെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സ്വിഗ്ഗിയും അറിയിച്ചു.