75 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ആഘോഷമാക്കി ഗ്രാമം

1947ന് ശേഷം ഗ്രാമത്തില്‍ ആദ്യമായി ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത് ആഘോഷമാക്കി ഒരു ഗ്രാമം. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുള്ള കത്ര ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന സൊഹാഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ രാകേഷ് കുമാറിനാണ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായി ജോലി ലഭിച്ചത്. മധുരപലഹാരം വിതരണം ചെയ്തും പാട്ടും നൃത്തവുമായാണ് നാട്ടുകാര്‍ സംഭവം ആഘോഷമാക്കിയത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. സൊഹാഗ്പൂരിനടുത്തുള്ള ബര്‍കുര്‍വയിലെ സ്‌കൂളിലാണ് രാകേഷിന് അധ്യാപകനായി ജോലി ലഭിച്ചത്. സൊഹാഗ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ടെങ്കിലും ഇവിടുത്തെ അധ്യാപകരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സൊഹാഗ്പൂരിലെ യുവതലമുറ നല്ല ശമ്പളമുള്ള ഒരു സ്ഥിരജോലി ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അതിനുള്ള വഴികളില്ലായിരുന്നുവെന്നും പ്രാദേശിക നേതാവായ ദേവേന്ദ്ര ചൗധരി പറഞ്ഞു. ഗ്രാമത്തില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ വന്‍നഗരങ്ങളിലേക്ക് പോയിരുന്നു. അവര്‍ക്കാര്‍ക്കും ഇതുവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ചൗധരി പറഞ്ഞു.

ഗ്രാമത്തിന്റെ അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആ യാത്ര എളുപ്പമായിരുന്നില്ലെന്നും കുമാര്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു പലവ്യഞ്ജന കട നടത്തുകയായിരുന്നു രാകേഷിന്റെ പിതാവ്. 20 മൈല്‍ ദൂരം സൈക്കിള്‍ ചവിട്ടിയാണ് അയല്‍നഗരമായ മുസഫര്‍പൂരിലെ സ്‌കൂളിലെത്തിയത്. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് അദ്ദേഹം ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. സിവില്‍ സര്‍വീസാണ് രാകേഷ് കുമാറിന്റെ അടുത്ത ലക്ഷ്യം.