കൊവിഡ് ബാധിച്ചവരുടെ തലച്ചോറിന്റെ വലുപ്പവും ശേഷിയും കുറയുന്നതായി പഠനം

കൊവിഡ് ബാധിച്ചവരുടെ തലച്ചോറിന്റെ വലുപ്പവും ശേഷിയും കുറയുന്നതായി പഠനം. കൊവിഡ് ബാധിച്ചവരില്‍ മാസങ്ങള്‍ക്ക് ശേഷം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് സമയത്ത് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഓകസ്ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ക്കം സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് ന്യൂറോഇമേജിങ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സാധാരണയായി പത്ത് വര്‍ഷത്തിനിടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൊണ്ട് ഉണ്ടായതെന്നാണ് കണ്ടെത്തല്‍. മണം തിരിച്ചറിയാന്‍ സഹായിക്കുന്ന ഭാഗങ്ങളിലും തലച്ചോറിന്റെ മൊത്തത്തിലുള്ള വലിപ്പത്തിലും വ്യത്യാസങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ തലച്ചോറിന്റെ ബുദ്ധിശേഷിയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ആഗോളതലത്തില്‍ മറവിരോഗം സൃഷ്ടിക്കുന്ന ആഘാതം കൊവിഡ് മൂലം വര്‍ധിക്കുമോ എന്നതായിരുന്നു പഠനത്തിന്റെ വിഷയം. കൊറോണ വൈറസ് ശ്വസനവ്യവസ്ഥയെയാണ് പ്രധാനമായും ബാധിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ വൈറസ് നാഡീവ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുന്നുണ്ടെന്നതിന്റെ വലിയ തെളിവുകള്‍ ലഭിച്ചെന്നാണ് പഠനത്തില്‍ പറയുന്നത്.