
കോഴിക്കോട്ടെ മാളില്‍ യുവ നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ഫറോക്ക് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കാനാണ് തീരുമാനം.
നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
ഇന്നലെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മാളില്‍ എത്തിയപ്പോഴാണ് യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കൊപ്പം പ്രമോഷന്‍ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.