മലയാളികളുടെ ഇഷ്ട നടനാണ് ഫഹദ് ഫാസിൽ. പുഷ്പയിലൂടെയാണ് മലയാളത്തിലും തമിഴിലും കയ്യടി നേടിയ ഫഹദ് ഫാസില്‍ പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. എന്നാല്‍ പുഷ്പ തന്റെ കരിയറില്‍ വലിയൊരു ഗുണം ചെയ്യില്ലെന്നാണ് ഫഹദ് ഫാസില്‍ കരുതിയിരുന്നത്. മുമ്പൊരിക്കല്‍ ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തില്‍ പുഷ്പയില്‍ അഭിനയിച്ചതിനെക്കുറിച്ച് ഫഹദ് ഫാസില്‍ സംസാരിച്ചിരുന്നു. പുഷ്പ തന്റെ കരിയറില്‍ വലിയ ഗുണം ചെയ്തിട്ടില്ല. താന്‍ പുഷ്പ ചെയ്യാന്‍ കാരണം സംവിധായകന് സുകുമാറിനോടുള്ള സ്നേഹമാണെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്. പുഷ്പ 2 വിന്റെ റിലീസിന് പിന്നാലെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. ”പുഷ്പ എനിക്കെന്തെങ്കിലും ഗുണമുണ്ടാക്കിയെന്ന് തോന്നുന്നില്ല. ഞാനിത് സുകുമാര്‍ സാറിനോട് പറഞ്ഞിട്ടുണ്ട്. എനിക്കിത് മറച്ചു വെക്കേണ്ടതില്ല. ഞാന്‍ സത്യസന്ധമായി പറയുകയാണ്. എന്റെ ജോലി ഞാന്‍ ഇവിടെയാണ് ചെയ്യുന്നത്. ഒന്നിനോടുമുള്ള അനാദരവ് അല്ലിത്. പുഷ്പയ്ക്ക് ശേഷം ആളുകള്‍ മാജിക് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് സുകുമാര്‍ സാറിനോടുള്ള സ്നേഹം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലാണ് എനിക്ക് ചെയ്യാനുള്ളത്. ഇവിടെയാണ് ഞാന്‍” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.
”പുഷ്പ എന്നെ മാറ്റുമെന്നോ എന്നെ മറ്റൊരിടത്തേക്ക് കൊണ്ടു പോകുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല” എന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്. മലയാളത്തില്‍ ചെയ്യുന്നത് പോലെയുള്ള സിനിമകള്‍ വേറെ എവിടേയും ചെയ്യാനാകില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനാണ് താന്‍ വില കല്‍പ്പിക്കുന്നതെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്. ഡിസംബര്‍ അഞ്ചിനായിരുന്നു പുഷ്പ 2 ദ റൂള്‍ തീയേറ്ററുകളിലേക്ക് എത്തിയത്. വലിയ വരവേല്‍പ്പായിരുന്നു സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രത്തോളം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നൊരു രണ്ടാം ഭാഗമുണ്ടാകില്ല. എന്നാല്‍ സിനിമയുടെ ആദ്യ ദിവസം ലഭിച്ച പ്രതികരണങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. പ്രധാനമായും ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് വിമര്‍ശിക്കപ്പെട്ടത്. ഫഹദിനെ പോലൊരു അഭിനേതാവ് അര്‍ഹിക്കുന്ന കഥാപാത്രമായിരുന്നില്ലെന്നും ആദ്യ ഭാഗത്തിലെ കിടിലന്‍ വില്ലനെ രണ്ടാം ഭാഗത്തില്‍ വെറും കോമാളിയാക്കിയെന്നും ആരാധകര്‍ വിമര്‍ശിച്ചിരുന്നു.