ഒറ്റ ദിവസം 18 ലക്ഷം കോടിയുടെ നഷ്ടം; ഒഹരി വിപണയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക്

ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ വന്‍ നഷ്ടം രേഖപ്പെടുത്തി. 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്ലി ആക്ടീവ് യൂസേഴ്സ്-ഡിഎയു) കുറവു രേഖപ്പെടുത്തി.

വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്രയും തുക നഷ്ടമായിട്ടും ഫോബ്സിന്റെ കണക്കു പ്രകാരം 90 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.

ഡിസംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ 1.929 ബില്യണ്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുന്‍പാദത്തില്‍ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമന്റെ വളര്‍ച്ച താഴോട്ടു പോകുന്നത്. ഡാറ്റ ഉപഭോഗത്തില്‍ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നും വന്‍ ഭീഷണിയാണ് ഫേസ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കള്‍ ചെലവഴിക്കല്‍ വെട്ടിക്കുറച്ചാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്.