ലോകകപ്പിനുള്ള ടീമില്‍ ഇടമില്ല; രണ്ട് കളിക്കാര്‍ ഇംഗ്ലണ്ട് ടീം മാറി

ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം ലഭിച്ചേക്കില്ലെന്ന സൂചനയെ തുടര്‍ന്ന് രണ്ട് കളിക്കാര്‍ ടീം മാറി. ഇംഗ്ലണ്ടിനു വേണ്ടി മൂന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലം ഹഡ്സണ്‍ ഒഡോയ്, ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിലെ മികച്ച ഗോള്‍വേട്ടക്കാരന്‍ എഡ്ഡി എന്‍കെതിയ എന്നിവരാണ് ഫിഫയുടെ നിയമങ്ങള്‍ക്കനുസൃതമായി രാജ്യം മാറുന്നത്.

ചെല്‍സിയുടെ വിംഗറായ ഹഡ്സണ്‍ ഒഡോയും ആര്‍സനല്‍ സ്ട്രൈക്കര്‍ എന്‍കെതിയയും ആഫ്രിക്കന്‍ രാജ്യമായ ഘാനയ്ക്കു വേണ്ടിയാണ് കളിക്കാനൊരുങ്ങുന്നത്. 2020 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഹഡ്സണ്‍ ഒഡോയ് ലണ്ടനിലെ വാന്റ്സ്വര്‍ത്തില്‍ ജനിച്ചുവളര്‍ന്ന താരമാണ്. ഘാനയില്‍ നിന്ന് കുടിയേറിയ ഫുട്ബോള്‍ താരം ബിസ്മര്‍ക് ഒഡോയ് ആണ് ഇദ്ദേഹത്തിന്റെ പിതാവ്. നിമയപ്രകാരം ഇംഗ്ലണ്ടിനും ഘാനയ്ക്കും വേണ്ടി കളിക്കാന്‍ അവസമുണ്ടെങ്കിലും ജന്മനാടായ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനാണ് ആദ്യഘട്ടത്തില്‍ താരം തീരുമാനിച്ചത്.

ലണ്ടനിലെ ലൂയിസ്ഹാമിലാണ് എന്‍കെതിയ ജനിച്ചു വളര്‍ന്നത്. ചെല്‍സി, ആര്‍സനല്‍ അക്കാദമികളില്‍ കളി പഠിച്ച താരം ഇംഗ്ലണ്ടിനു വേണ്ടി അണ്ടര്‍ 18, അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 ടീമുകള്‍ക്കു വേണ്ടി കളഇച്ചു. അണ്ടര്‍ 21-ല്‍ 17 മത്സരങ്ങളില്‍ നിന്നായി 16 ഗോളും താരം നേടിയിട്ടുണ്ട്. എന്‍കെതിയയുടെ മാതാപിതാക്കള്‍ ഘാനയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ്.