ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു; സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ നിയോഗിക്കപ്പെട്ടെന്ന് ഇ.ഡി

ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാലു പേര്‍ നിയോഗിക്കപ്പെട്ടെന്നും ഇ.ഡി പറയുന്നു. ഇവര്‍ക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായമാണ് ഇതിനായി ലഭിച്ചത്. ഡല്‍ഹി കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇ.ഡി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ശെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണമെത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് കേസിന്റെ തുടക്കം. ഇത്തരത്തില്‍ ലഭിച്ച പണം പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നതായും ഇ.ഡി ലഖ്‌നൗ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച സിദ്ദിഖ് കാപ്പന് ഇ.ഡിയുടെ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യഹര്‍ജി പരിഗണിക്കുന്നത് രണ്ടു തവണ മാറ്റിവയ്ക്കപ്പെട്ടു. ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാവൂ. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടിലും ഇ.ഡി സിദ്ദിഖ് കാപ്പനെതിരെ പരാമര്‍ശം നടത്തിയത്. ഇതോടെ സിദ്ദിഖ് കാപ്പന്‍ പുറത്തിറങ്ങുന്ന കാര്യം കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.