നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി അധിക്ഷേപ കമന്റുകളാണെത്തിയത്.
നടി സീരിയൽ കഥാപാത്രങ്ങളെ സൂചിപ്പിച്ച് നടത്തിയ പരാമര്‍ശമാണ് ആണ് വിമർശനം നേരിടുന്നത്. ഇപ്പോഴിതാ നടിക്ക് എതിരെ എത്തുന്ന വിമർശനങ്ങളിൽ പ്രതിഷേധം അറിയിച്ചു എത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.
സിനിമാതാരവും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണ് എന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു വിമർശനം. പോസ്റ്റിങ്ങനെ –
സിനിമാതാരവും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണ്.
രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും അഭിനയിച്ച കഥാപാത്രങ്ങളെയും ചേർത്തു അശ്ലീലങ്ങളും ആക്ഷേപങ്ങളും നിറച്ച് ഒരു കലാകാരിയെ ആക്രമിക്കുന്നത് അവർ പറഞ്ഞ വാക്കുകളുടെ മൂർച്ചയും തെളിമയും കൊണ്ടാണെന്ന് വ്യക്തമാണ്.
മാനവികതയുടെ മഹത്തായ സന്ദേശം ഉയർത്തുന്ന അവരുടെ പ്രഭാഷണം വർഗ്ഗീയ വാദികളെയും ജനാധിപത്യ വിരുദ്ധരെയും വിളറി പിടിപ്പിച്ചിരിക്കുകയാണ്.
നടി ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം കേരളീയ സാംസ്കാരിക ബോധത്തോടുള്ള വെല്ലുവിളിയാണ്.
സ്ത്രീ വിരുദ്ധതയുടെയും ജീർണ്ണതയുടെയും വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുക തന്നെ വേണം.
ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.