ദുല്‍ഖര്‍ സല്‍മാനെതിരെ തിയേറ്ററുടമകള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്. താരത്തിന്റെ പുതിയ ചിത്രമായ സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെയാണ് തിയേറ്ററുടമകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഇതില്‍ വ്യക്തമായ നിലപാട് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം ഇതില്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. പലരും തിയേറ്റര്‍ റിലീസിംഗിന് മടിച്ചുനിന്ന സമയത്ത് പോലും കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്ത താനാണ്. മറ്റുള്ളവരെ പോലെ തനിക്കും തീയേറ്ററില്‍ പോയി സിനിമ കാണാനാണ് ഇഷ്ടം എന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഒരു പ്രൊഡ്യൂസറുടെ ഭാഗത്തുനിന്ന് ചിന്തിച്ചത് കൊണ്ട് മാത്രമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം മുംബൈ പോലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.