സ്‌റ്റേജ് ഷോയ്ക്കിടെ സ്‌ക്രീന്‍ പൊളിഞ്ഞ് നര്‍ത്തകരുടെ ദേഹത്തേക്ക്; വൈറലായി വിഡിയോ

ലൈവായി നൃത്ത പരിപാടി നടക്കുന്നതിനിടെ സ്റ്റേജില്‍ ക്രമീകരിച്ചിട്ടുള്ള വലിയ സ്‌ക്രീന്‍ പൊളിഞ്ഞ് നര്‍ത്തകര്‍ക്ക് മേല്‍ വീഴുന്ന വിഡിയോ വൈറലായി. തീര്‍ത്തും അപ്രതീക്ഷിതവും ദാരുണവുമായ അപകടം കണ്ടുനിന്നവരെ ഞെട്ടിച്ചു. ഹോങ്കോങിലാണ് സംഭവം നടന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

‘മിറര്‍’ എന്ന കലാസംഘത്തിന്റെ അംഗങ്ങളായിരുന്നു നൃത്ത പരിപാടി അവതരിപ്പിച്ചത്. ടിവി റിയാലിറ്റി ഷോയിലൂടെ വന്ന ‘മിററി’ന് ചെറുപ്പക്കാരായ ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ തിരക്കേറിയ ഗാലറിയായിരുന്നു ഷോയ്ക്ക് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം കാണാന്‍ പാകത്തില്‍ സ്റ്റേജില്‍ ഉയരത്തിലായി സ്‌ക്രീനുകള്‍ ക്രമീകരിച്ചിരുന്നു. ഇതിലൊന്നാണ് നര്‍ത്തകരുടെ ദേഹത്തേയ്ക്ക് വീണത്.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലര്‍ക്ക് കാണാന്‍ തന്നെ പ്രയാസം തോന്നുന്ന വീഡിയോ ആണിത്. അതിനാല്‍ തന്നെ മുന്നറിയിപ്പോട് കൂടിയാണ് വിഡിയോ പ്രചരിക്കുന്നത്.