സിഗരറ്റ് വലിക്കുന്ന ‘കാളി’; ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍

ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍. പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് ലീന പങ്കുവച്ചത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും കത്ത് നല്‍കി.

അതിനിടെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ലീന മണിമേഖല രംഗത്തെത്തി. തനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില തന്റെ ജീവനാണെങ്കില്‍ അത് നല്‍കാമെന്നും ലീന പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.