കൊല്ലം: അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓർത്ത് ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ.
ബ്രാഹ്മണനായി പുനർജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവർണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നും കമൽ കുറ്റപ്പെടുത്തി.
കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ആയിരുന്നു കമലിന്റെ വാക്കുകൾ.
”എന്റെ സഹപ്രവർത്തകനുണ്ട്. നിങ്ങളുടെ നാട്ടുകാരനായ, ഈ കൊല്ലത്തുകാരനായ ഒരു വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന്.
ഇന്ത്യയുടെ പേര് ഭാരത് ആക്കണമെന്ന് പറഞ്ഞ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായിട്ട് എന്റെ സുഹൃത്ത് മാറിയതിൽ നമുക്ക് ലജ്ജയുണ്ട്.
കാരണം അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറയുമ്പോൾ അദ്ദേഹത്തെ നയിക്കുന്നത് ഒരു സവർണ ബോധമാണ്”- കമൽ പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് പോലും മറന്നുകൊണ്ട് അദ്ദേഹത്തിന്റെ ഈ അപരമത വിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ എത്രമാത്രമായിക്കഴിഞ്ഞു?’ കമൽ പറഞ്ഞു.
ഭീമൻ രഘു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് എഴുന്നേറ്റു നിന്നതിനെ കുറിച്ചും കമൽ പറഞ്ഞു
പിണറായി വിജയന്റെ മുമ്പിൽ എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കുന്ന ഭീമൻ രഘു മുമ്പ് സംഘപരിവാർ പാളയത്തിൽ ആയിരുന്നത് കൊണ്ടാണ് താൻ ചെയ്തത് ശരിയല്ല എന്ന് മനസിലാക്കാത്തത് എന്നും കമൽ പറഞ്ഞു.
‘അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഒരുപക്ഷേ ഭീമൻ രഘുവിനെ പോലെ അദ്ദേഹം ഇങ്ങനെ എഴുന്നേൽക്കും, ഭക്തി കാണിക്കും.
പിണറായി വിജയന്റെ മുമ്പിൽ ഇങ്ങനെ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായില്ല. കാരണം അദ്ദേഹം കുറേ കാലം മറ്റേ പാളയത്തിലായിരുന്നു”.-എന്നും കമൽ പറഞ്ഞു.