വാഹനാപകടത്തില്‍ ഡെലിവറി ബോയി മരിച്ചു; കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സെപ്‌റ്റോ

വാഹനാപകടത്തില്‍ മരിച്ച ഡെലിവറി ബോയിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പായ സെപ്റ്റോ. തെക്കന്‍ ഡല്‍ഹി പ്രദേശത്തുണ്ടായ അപകടത്തിലാണ് ഡെലിവറി ജീവനക്കാരനായ കരണ്‍ രാജു മരിച്ചത്.

കരണ്‍ രാജുവിന്റെ കുടുംബത്തിനായി പത്ത് ലക്ഷം സാമ്പത്തിക സഹായവും എട്ട് ലക്ഷം രൂപയുടെ അധിക ഇന്‍ഷുറന്‍സ് ഗ്രാന്റും നല്‍കുമെന്ന് സെപ്‌റ്റോ അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിന് വൈകാരികവും സാമ്പത്തികവുമായ പിന്തുണ തുടര്‍ന്നും നല്‍കും. അപകടം നടന്ന രാത്രി മുതല്‍ തങ്ങളുടെ അംഗങ്ങള്‍ കുടുംബത്തോടൊപ്പമുണ്ടെന്നും സെപ്‌റ്റോ വൃത്തങ്ങള്‍ പറഞ്ഞു.

ഡെലിവറി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് കരണ്‍ രാജു അപകടത്തില്‍പ്പെട്ടത്. ഹെല്‍മറ്റ് ധരിച്ച് ശരിയായ ദിശയിലായിരുന്നു കരണ്‍ വാഹനമോടിച്ചത്. പിന്നില്‍ നിന്നു വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സഫ്ദുര്‍ജംഗ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.