സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ആരാധകരുടെ സമ്മര്‍ദം കൊണ്ടെന്ന് പാക് മുന്‍ താരം ഡാനിഷ് കനേരിയ

സഞ്ജുവിനെ എ ടീം ക്യാപ്റ്റനാക്കിയത് ആരാധകരുടെ സമ്മര്‍ദം കൊണ്ടെന്ന് പാകിസ്താന്റെ മുന്‍ താരം ഡാനിഷ് കനേരിയ. ടി-20 ലോകകപ്പ് ടീമില്‍ താരത്തെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചുവെന്നും അതുകൊണ്ടാണ് സഞ്ജുവിനെ എ ടീം ക്യാപ്റ്റനാക്കിയതെന്നും കനേരിയ പറഞ്ഞു.

സഞ്ജുവിനെ ടീമില്‍ പരിഗണിക്കേണ്ടതായിരുന്നു എന്ന് കനേരിയ പറഞ്ഞു. സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ഒരു എക്സ് ഫാക്ടര്‍ നല്‍കുമായിരുന്നുവെന്നും കനേരിയ വ്യക്തമാക്കി. ബൗണ്‍സി വിക്കറ്റുകളില്‍ സഞ്ജുവിനെക്കാള്‍ നന്നായി കളിക്കുന്ന മറ്റാരും ഇന്ത്യന്‍ ടീമില്‍ ഇല്ല. ഏത് വിഭാഗത്തിലായാലും സ്വന്തം രാജ്യത്തിന്റെ ടീമിനെ നയിക്കുക എന്നത് അഭിമാനകരമാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇന്ത്യ എയെ മസഞ്ജു സാംസണ്‍ നയിക്കുക. 22, 25, 27 തീയതികളിലായി ചെന്നൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്വാദ്, രാഹുല്‍ തൃപാദി, രജത് പാട്ടിദാര്‍, കെ.എസ് ഭരത്, കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചഹാര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവദീപ് സെയ്‌നി, രാജ് അംഗഡ് ബവ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.