13കാരൻ ആത്മഹത്യ ചെയ്ത കേസിൽ ഇടപെട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റി. ആലപ്പുഴ കലവൂരിലാണ് സംഭവം നടന്നത്.അതെ സമയം സ്കൂൾ അധികൃതരെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് കുട്ടിയുടെ വീട് സന്ദർശിച്ച ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി അറിയിച്ചു. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് സിഡബ്ല്യൂസി റിപ്പോർട്ട് നൽകുമെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. സ്വകാര്യ സ്കൂൾ വിദ്യാർത്ഥി പ്രജിത് മനോജ് (13) ആണ് കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കിയത്. അധ്യാപകരുടെ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പരാതി. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂൾ മൈക്കിൽ അനൗണ്‍സ്മെന്റ് നടത്തി. ഉടന്‍ കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു.വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പലതവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. തൊട്ടു പിറകെ രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്.