ലോകത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നോ? ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ കോവിഡ് പടരുന്നു; ആശങ്ക, മുഴുവന്‍ ജനങ്ങളേയും പരിശോധിക്കാന്‍ അധികൃതര്‍

wuhan

ബെയ്ജിങ്: ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് വ്യാപനം കൂടുന്നു. അതിതീവ്ര ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ പടരുന്നത്. ചൊവ്വാഴ്ച 61 പേര്‍ക്ക് കൂടി ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചു. വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ചൈനീസ് നഗരമായ വുഹാനിലെ മുഴുവന്‍ പേരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ 1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. ഇവരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഇത് പടര്‍ന്ന് പിടിച്ചാല്‍ വീണ്ടും രാജ്യം അടച്ച് പൂട്ടലിലേക്കും കോവിഡ് മരണം വര്‍ധിക്കാനും ഇടയാക്കും. ഇത് തടയാനാണ് വുഹാനിലെ എല്ലാവരയും പരിശോധിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. നിരവധി പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. എത്ര പേര്‍ മരിച്ചുവെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ കോവിഡിനെ പിടിച്ചു നിര്‍ത്താനായിരുന്നു.

ഒരുവര്‍ഷത്തിലധികം കാലം പുതിയ കേസുകള്‍ ഒന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വുഹാനില്‍ വീണ്ടും കോവിഡ് പടര്‍ന്ന് പിടിക്കുന്നത് ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വുഹാനിലെ വലിയോരു ശതമാനം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

എന്നിട്ടും രോഗം പടരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ചൈന പോലൊരു രാജ്യത്തിന് പോലും വീണ്ടുമൊരു കോവിഡ് തരംഗത്തിനെ തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നാംകിട രാജ്യങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് ലോകം ആശങ്കയോടെ നോക്കുന്നത്.

wuhan