ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. സ്വാതന്ത്ര്യം കിട്ടി ഏകദേശം 70 വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി ആയിരുന്നു. ഇന്ന് ചെറുതായി ക്ഷീണിച്ചു എങ്കിലും, ഇന്ത്യയിലുടനീളം വേരുകളുള്ള ഒരു ദേശീയ രാഷ്ട്രീയ പാർട്ടി തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കൈപ്പത്തി ആണ് ഇന്ന് അവരുടെ പാർട്ടി ചിഹ്നം. എന്നാൽ ഈ ചിഹ്നം ഇവർക്ക് ലഭിച്ചിട്ട് അധികകാലമായിട്ടില്ല.
മുൻപ് പൂട്ടിയ കാള ആയിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം. എന്നാൽ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ കാരണം ഈ ചിഹ്നം ഇലക്ഷൻ കമ്മീഷൻ മരവിപ്പിക്കുകയായിരുന്നു. തുടർന്ന് പശുവും കിടാവും എന്ന ചിഹ്നം ഇവർ സ്വീകരിച്ചു. എന്നാൽ പിന്നീട് പല കാരണങ്ങൾകൊണ്ട് ഇലക്ഷൻ കമ്മീഷൻ ആ ചിഹ്നവും നിരോധിച്ചു. 1977 വർഷത്തിൽ ഇന്ദിരാഗാന്ധി നടത്തിയ കേരള സന്ദർശനത്തിന് ശേഷമാണ് കൈപ്പത്തി ഇവരുടെ ഔദ്യോഗിക ചിഹ്നം ആയത്.
പാലക്കാട് പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് ഹേമാംബിക ക്ഷേത്രം. ഇവിടുത്തെ പ്രതിഷ്ഠ രണ്ട് കൈപ്പത്തികൾ ആണ്. അന്നത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരനു ഒപ്പം ഒരിക്കൽ ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. അന്ന് കോൺഗ്രസ് പാർട്ടിക്ക് ചിഹ്നം ഇല്ലാത്ത സമയം ആയിരുന്നു. ഈ പ്രതിഷ്ഠ കണ്ടതോടെയാണ് ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തിയെ പ്രഖ്യാപിച്ചത്.
പാലക്കാട് കല്ലേക്കുളങ്ങര ആണ് ഈ ക്ഷേത്രം. ഒളവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. അഞ്ചു തടാകങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഭഗവതി ക്ഷേത്രം ആണ് ഇത്. കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം കൂടിയാണിത്.