വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതായി പരാതി

തിരുവനന്തപുരം വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതായി പരാതി. യുവതിക്ക് നായയുടെ കടിയേറ്റപ്പോള്‍ ഡോക്ടറും നഴ്‌സും അകത്തേക്ക് ഓടിക്കയറിയെന്നും ആശുപത്രി അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും തയ്യാറായില്ലെന്നും പരാതിയുണ്ട്.

പൂച്ച കടിച്ചതിന് കുത്തിവയ്പ്പെടുക്കാന്‍ വന്ന ചപ്പാത്ത് സ്വദേശി അപര്‍ണയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. യുവതിയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. ആശുപത്രിയുടെ ഐപി ബ്ലോക്കില്‍ നില്‍ക്കുമ്പോഴാണ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയതായിരുന്നു യുവതി. കുത്തിവയ്പ്പെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ നഴ്‌സ് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ആ സമയത്ത് ഡോക്ടറും, അറ്റന്‍ഡറും അവിടെ ഉണ്ടായിരുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അടിയില്‍ കിടന്നിരുന്ന നായ കടിക്കുകയായിരുന്നു.

നായ കടിച്ചപ്പോള്‍ ഡോക്ടറും, നഴ്‌സും, അറ്റന്‍ഡറും അകത്തേക്ക് ഓടി. കാലില്‍ നിന്ന് രക്തം വരുന്നത് കണ്ട് പാന്റ് മുറിക്കാന്‍ കത്രിക ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല. രോഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് അപര്‍ണയെ പരിചരിച്ചത്.