സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതമെന്നും അതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പലതരത്തില്‍ കേരളം ചര്‍ച്ച ചെയ്ത കാര്യമാണ്. അന്വേഷണ ഏജന്‍സി തിരിച്ചും മറിച്ചും തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സ്വര്‍ണക്കടത്ത് ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പലതരത്തില്‍ കേരളം ചര്‍ച്ച ചെയ്ത കാര്യമാണ്. അതെല്ലാം എങ്ങനെയാണ് പൂര്‍ണമായും തകര്‍ന്നുപോയത്. ഈ കേസില്‍പ്പെട്ടവര്‍ തന്നെ അതില്‍ പ്രതികരിച്ചു. ഭരണ നേതൃത്വത്തിലുള്ള ചിലരുടെ മേല്‍ മൊഴി കൊടുക്കാന്‍ സമ്മര്‍ദം വരുന്നുവെന്ന് അക്കാലത്ത് ചിലര്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി പിന്നീട് അന്വേഷണ ഏജന്‍സികള്‍ പലവിധത്തില്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങളില്‍ തപ്പ് കൊട്ടികൊടുക്കുന്നവരുണ്ട്, എന്നാല്‍ അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതം. അതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.