ആഫ്രിക്കന്‍ സഫാരിക്കിടയില്‍ യാത്രക്കാരുടെ വാഹനത്തില്‍ ചാടിക്കയറുന്ന പുള്ളിപ്പുലി; വിഡിയോ

ആഫ്രിക്കന്‍ സഫാരിക്കിടയില്‍ യാത്രക്കാരുടെ വാഹനത്തില്‍ ചാടിക്കയറുന്ന പുള്ളിപ്പുലിയുടെ വിഡിയോ വൈറല്‍. ടാന്‍സാനിയയിലെ സെരെന്‍ഗറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വിഡിയോ. സഫാരി യാത്രികരും, ഒരു പുള്ളിപ്പുലിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് അതിന്റെ ഉള്ളടക്കം.

സഫാരിക്കിടെ ആളുകള്‍ ഇരിക്കുന്ന ഒരു വാഹനത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ചാടിക്കയറുന്ന പുള്ളിപ്പുലിയെ വിഡിയോയില്‍ കാണാം. തങ്ങള്‍ ഇരിക്കുന്ന വാഹനത്തിന്റെ പുറകില്‍ പെട്ടെന്ന് ഒരു പുലിയെ കണ്ടതും ആളുകള്‍ അമ്പരന്നു. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവര്‍ പകച്ചു. എന്നാല്‍ പുള്ളിപ്പുലി അവരെ ആക്രമിക്കാന്‍ തുനിഞ്ഞില്ല.

വാഹനത്തിന്റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ടയറുകളില്‍ നാല് കാലുകള്‍ ഊന്നി അത് നന്നായൊന്ന് നടുനിവര്‍ത്തി. തുടര്‍ന്ന് അത് വാഹനത്തില്‍ പിടിച്ച് അതിന്റെ മുകളിലേയ്ക്ക് കയറി. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ അതിന് മുകളില്‍ ശാന്തനായി കിടന്നു. ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

പുള്ളിപ്പുലിയും, സഫാരി യാത്രികരും തമ്മിലുള്ള അസാധാരണമായ ഈ കൂടിക്കാഴ്ച്ച ട്വിറ്ററില്‍ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദര്‍ മെഹ്റയാണ്. ‘മാന്‍ ഇന്‍ വൈല്‍ഡ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ചത്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തത്.