ദേശീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തെക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നിരോധന നടപടി. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎപിഎ വകുപ്പ് മൂന്ന് പ്രകാരമാണ് നിരോധനം. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.
കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, ഓള് ഇന്ത്യാ ഇമാംമ്സ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് ഐ.എസ്, ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.