ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്. 15 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത അഴിമതിക്കേസ്. ലാലു പ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ലാലു പ്രസാദിന് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് അടുത്തിടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. കേസില്‍ സി.ബി.ഐ പ്രത്യേക കോടതി ഫെബ്രുവരിയില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.