ഇറാനില്‍ വിവാഹച്ചടങ്ങിനിടെ വധു വെടിയേറ്റ് മരിച്ചു. മഹ്വാഷ് ലെഗായി എന്ന 24 കാരിയാണ് മരിച്ചത്. വിവാഹ സല്‍ക്കാരത്തിനിടെ ബന്ധുക്കള്‍ സംഘടിപ്പിച്ച വെടിയുതിര്‍ക്കല്‍ ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്. വെടിവയ്പിനിടെ വെടിയുണ്ടകള്‍ ഉന്നംതെറ്റി മഹ്വാഷിന്റെ തലയില്‍ തുളച്ചുകയറുകയായിരുന്നു.
മിഹ്വാഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ വരന്റെ ബന്ധുവായ 36കാരനാണ് വെടിയുതിര്‍ത്തെന്ന് തിരിച്ചറിഞ്ഞു. പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
നിയമവിരുദ്ധമാണെങ്കിലും രാജ്യത്തെ വിവാഹ സല്‍ക്കാരങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ ഇന്നും സംഘടിപ്പിക്കാറുണ്ട്. പ്രതിക്ക് ഗണ്ഷൂട്ടില് വേണ്ടത്ര പരിജ്ഞാനം ഇല്ലെന്നും വെടിവയ്ക്കാനുപയോഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്നും പൊലീസ് പറഞ്ഞു.