അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ സ്ഫോടനപരമ്പര. പടിഞ്ഞാറന്‍ കാബൂളിലുള്ള അബ്ദുള്‍ റഹിം ഷാഹിദ് ഹൈസ്കൂളില്‍ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനങ്ങളില്‍ ആറ് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്ത് – എ – ബര്‍ചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. സ്കൂളില്‍ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാള് സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ എഹ്സാനുള്ള അമീറി റിപ്പോര്‍ട്ട് ചെയ്യുന്നത്. അബ്ദുള്‍ റഹിം ഷാഹിദ് സ്കൂളിന് മുന്നില്‍ കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തില്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകന് തന്നോട് പറഞ്ഞതായി എഹ്സാനുള്ള അമീറി പറയുന്നു.
രണ്ടാം സ്ഫോടനം പടിഞ്ഞാറന്‍ കാബൂളില്‍ത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെന്ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ അക്രമി ഒരു ഹാന്‍ഡ് ഗ്രനേഡ് എറിയുകയായിരുന്നു. ഈ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കെങ്കിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.