സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി.ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്.ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന ഇടത്തേക്ക് ഒരു മണിക്കൂർ മുൻപേ എത്തിയെങ്കിലും സുരേഷ് ഗോപി വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.നിവേദനം നൽകാൻ എത്തിയവരെ ഞാൻ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി അധിക്ഷേപിച്ചു എന്നാണ് കണ്ണൻ പായിപ്പാട് തന്റെ പരാതിയിൽ ആരോപിക്കുന്നത്. തൃശൂർ എംപി മാത്രമല്ല കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. മന്ത്രിയുടെ പെരുമാറ്റം പ്രവർത്തകർക്ക് ഇടയിൽ മാനക്കേട് ഉണ്ടാക്കിയെന്നും പരാതിക്കാരൻ പറയുന്നുണ്ട്.
മറ്റൊന്ന്,ജില്ലാ നേതൃത്വത്തെയോ സംസ്ഥാന നേതൃത്വത്തെയോ അറിയിക്കാതെ നേരിട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു കണ്ണൻ പായിപ്പാട് എന്നാണ് ലഭ്യമായ വിവരം. സുരേഷ് ഗോപിക്ക് എതിരായ പരാതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. പരാതിക്ക് പിന്നാലെ വിവാദങ്ങളും ഉയർന്നുവന്നിരിക്കുകയാണ്.നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃശൂരിൽ നിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. കൂടാതെ സുരേഷ് ഗോപി ബിജെപി അണികളോട് കയർക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രവർത്തകർ എത്താതിനെ ചൊല്ലിയായിരുന്നു അന്ന് സുരേഷ് ഗോപി പ്രകോപിതനായത്.