മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ബിജുമേനോൻ.ഒരു കാലത്ത് സിനിമയിൽ വളരെ സജീവമായിരുന്നു താരം. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ താരം സജീവമായിരിക്കുകയാണ്.ആദ്യകാലം മുതലേ നിരവധി ഹിറ്റ് കോംബോകളുടെ ഭാഗമായിട്ടുള്ള നടനാണ് ബിജു മേനോൻ. സുരേഷ് ഗോപിക്ക് ഒപ്പം നിരവധി സിനിമകളിൽ ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയപ്പോഴെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സുരേഷ് ഗോപി നായകനായ മിക്ക ആക്ഷൻ സിനിമകളിലും സെക്കന്റ് ഹീറോയായി ബിജു മേനോനും ഉണ്ടായിരുന്നു. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മിലേനിയം സ്റ്റാർസ്, എഫ് ഐ ആർ എന്നിവയെല്ലാം.. ഇപ്പോഴിതാ ഗരുഡനിലേക്ക് എത്തിയതിനെ കുറിച്ചും സുരേഷ് ഗോപിക്കൊപ്പം വീണ്ടും അഭിനയിച്ചതിന്റെ അനുഭവവും പങ്കുവെയ്ക്കുകയാണ് ബിജു മേനോൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഗരുഡനിലേതെന്ന് ബിജു മേനോൻ പറയുന്നു. സംവിധായകൻ അരുൺ വർമയിൽ നിന്നാണ് കഥ കേൾക്കുന്നത്. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അധ്യാപകനായ നിഷാന്തിന്റെ വേഷമാണ് എനിക്കിഷ്ടമായത്. മറ്റാർക്കും നൽകാമെന്ന് പറഞ്ഞിട്ടില്ലെങ്കിൽ ആ വേഷം ഞാൻ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ നോക്കുമ്പോൾ, ചോദിച്ചുവാങ്ങിയ വേഷമാണ് ഗരുഡനിലേത്. ആ വേഷംചെയ്യാൻ പറ്റുമോയെന്ന് തന്നോട് ചോദിക്കാൻ മടിച്ചുനിൽക്കുകയായിരുന്നു സംവിധായകനെന്ന് ബിജു മേനോൻ.ക്രിസ്ത്യൻ ബ്രദേഴ്‌സിനുശേഷം ഞാനും സുരേഷേട്ടനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. ഒന്നിച്ച് സിനിമചെയ്തില്ലെങ്കിലും സ്ഥിരം കാണാറില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നുമില്ല. ഈ സിനിമയ്ക്കുവേണ്ടി സുരേഷേട്ടൻ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. എന്റെ മറ്റുചില സിനിമകളുടെ ചിത്രീകരണം വിചാരിച്ചതിലും നീണ്ടുപോയപ്പോൾ ഗരുഡന്റെ ഷൂട്ടിങ് തുടങ്ങാൻ വൈകി. അപ്പോഴെല്ലാം സുരേഷേട്ടൻ എനിക്കായി കാത്തുനിന്നു.
അതെ സമയം എന്റെ ഡേറ്റിൽ മാറ്റം വന്നപ്പോഴും അദ്ദേഹം ക്ഷമയോടെ നിന്നു. സുരേഷ് ഗോപി സിനിമകളിൽ അദ്ദേഹത്തിന്റെ ടീമിലൊരാളായി ഒരുപാട് തവണ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ അദ്ദേഹവുമായി നേർക്കുനേർ നിൽക്കുന്ന, എതിർപക്ഷകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്. സുരേഷേട്ടനുമായുള്ള പൊരുത്തം സീനുകൾ ഭംഗിയാക്കാൻ സഹായിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ലാത്ത വ്യക്തിയാണ് ഞാൻ, ചെറുതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന, സ്വയം സംതൃപ്തിനൽകുന്ന വേഷങ്ങൾക്കൊപ്പം സഞ്ചരിക്കണം എന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും ബിജു മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ പുതുമനൽകുന്ന കഥാപാത്രങ്ങൾക്കൊപ്പം സഹകരിക്കാനാണ് താത്‌പര്യം. കോവിഡ് കാലത്താണ് ആർക്കറിയാമിലെ പ്രായംചെന്ന വേഷം ചെയ്യുന്നത്, എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു വേഷമെന്ന് ഒരുപാട് പേർ ചോദിച്ചു അതുചെയ്യുമ്പോൾ എനിക്കുലഭിച്ച സന്തോഷം, അതാണ് ആ സമയം ഞാൻ നോക്കിയത്. എന്തുചെയ്യുന്നു എന്നുമാത്രമല്ല, എന്തുചെയ്യാനുണ്ട് എന്നതും പ്രസക്തമാണ്.