ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ രാജിവച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. താന്‍ എന്‍ഡിഎ സംഖ്യം വിട്ടെന്നും എംഎല്‍മാരും എംപിമാരും ഇതിനോട് യോജിച്ചുവെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

ബിഹാറിലെ ബിജെപിയുമായുളള ജെഡിയുവിന്റെ ദീര്‍ഘകാല ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. രാജി അറിയിച്ചതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്ര മന്ത്രി ആര്‍ കെ സിങ് ആവശ്യപ്പെട്ടു. എന്‍ഡിഎ വിട്ടാല്‍ നിതീഷിനെ പിന്തുണക്കമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎല്‍എമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപിയുമായി നിതീഷ് കുമാര്‍ ഇടഞ്ഞതാണ് ബിഹാറില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഇത് ഏറെ വിവാദവും ചര്‍ച്ചയുമായിരുന്നു.