നടുറോട്ടിൽ ഫാഷൻ ഷോ നടത്തി യുവതികൾ, ആദ്യം വിമർശനവും പിന്നീട് കാരണം അറിഞ്ഞപ്പോൾ അഭിനന്ദനങ്ങളും, സംഗതി ഇതാണ്

ഫാഷൻ ഷോകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ല ഇന്ന് നമ്മൾ പലതവണ കണ്ടതാണ്. ഗ്ലോബൽ വാമിംഗ്, ജൻഡർ ഇക്വാളിറ്റി, സുസ്ഥിരവികസനം എന്നിങ്ങനെയുള്ള പല വിഷയങ്ങളിലും ബോധവൽക്കരണം നടത്തുവാനും പ്രതിഷേധം അറിയിക്കുവാനും ഫാഷൻ ഷോകൾ വേദിയായിട്ടുണ്ട്. ഇപ്പോൾ മധ്യപ്രദേശിൽ നിന്നും ഒരു ഫാഷൻ ഷോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഭോപ്പാൽ മുനിസിപ്പാലിറ്റിയിൽ ആണ് ഈ ഫാഷൻ ഷോ അരങ്ങേറിയത്. കുറച്ച് യുവതികളാണ് ഇത് സംഘടിപ്പിച്ചത്. പ്രതിഷേധസൂചകമായി ആണ് ഇവർ ഈ കാറ്റ് വാക്ക് നടത്തിയത്. നടുറോട്ടിൽ ആയിരുന്നു ഇവരുടെ ഫാഷൻഷോ. ഇതിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വീഡിയോ പുറത്തുവന്നതോടെ തന്നെ ധാരാളം ആളുകൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. നടുറോട്ടിൽ ഇങ്ങനെ പരിപാടികൾ കാട്ടിക്കൂട്ടുന്നതിനെതിരെ ആയിരുന്നു വിമർശനം. എന്നാൽ ഫാഷൻ ഷോ നടത്തുവാനുള്ള കാരണം അറിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്കെതിരെ ആയിരുന്നു ഇവരുടെ പ്രതിഷേധം. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു വേറിട്ട പ്രതിഷേധം. ഭോപ്പാൽ നഗരത്തിലെ ഡാനിഷ് നഗർ പ്രദേശത്താണ് ഈ പ്രതിഷേധം അരങ്ങേറിയത്. ഉയർന്ന നികുതി ആണ് ഇവർ അടയ്ക്കുന്നത്. എന്നിട്ടും അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല എന്നായിരുന്നു സംഘാടകർ പറഞ്ഞത്. ഒരുപാട് തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടാണ് ഇപ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ഇനിയും ഇത് സഹിക്കേണ്ടി വന്നാൽ ടാക്സ് അടയ്ക്കാനോ വോട്ട് ചെയ്യാനോ ഞങ്ങളെ കിട്ടില്ല എന്നും സംഘാടകർ പറയുന്നു.

നിരവധി സ്ത്രീകളും കുട്ടികളുമാണ് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ റാംപ് വാക്ക് ചെയ്യുന്നത്. ചിലർ വീഴാൻ പോകുന്നത് ഒക്കെ വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ റോഡുകൾ അമേരിക്കയിലെ റോഡുകൾ മികച്ചതാണ് എന്ന് മുൻപ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. 2017 വർഷത്തിലായിരുന്നു ഇയാളുടെ ഈ പ്രസ്താവന. ഇതിനെ പരിഹസിച്ചു കൊണ്ടുള്ള പ്ലക്കാർഡുകളും പ്രതിഷേധത്തിൽ ഉണ്ടായിരുന്നു.

പ്രതിഷേധം ഫലം കണ്ടു എന്ന് വേണം പറയാൻ. സമൂഹ മാധ്യമങ്ങൾ വഴി അധികാരികൾ പ്രതിഷേധത്തെ പറ്റി അറിഞ്ഞു. ഉടൻതന്നെ മുനിസിപ്പാലിറ്റി എൻജിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസർ നിലേഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പ്രദേശവാസികളിൽ ഒന്നും ഇതേ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നും ഓഫീസർ പറഞ്ഞു.