വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും കളിക്കളത്തിലേക്ക്; കാരണം പറഞ്ഞ് ഭാനുക രജപക്‌സെ

2021ലെ ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്കയുടെ ഇടംകൈയന്‍ ബാറ്റര്‍ ഭാനുക രജപക്സെ ഞെട്ടിക്കുന്നൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുടുംബപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വിരമിക്കലെന്നാണ് പഞ്ചാബ് കിങ്‌സിന്റെ താരമായ രാജപക്സെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിരമിക്കല്‍ തീരുമാനം മാറ്റി അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരികെയെത്തി. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഭാനുക രജപക്‌സെ.

രാജ്യത്തിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഭാനുക പറഞ്ഞു. ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ദേശീയ ടീമിലെ സ്ഥാനം നഷ്ടമായത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്ന ഫിറ്റ്‌നസ് നിലവാരം പുലര്‍ത്തിയിരുന്നില്ല. ശ്രീലങ്കന്‍ കായിക മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചതിന് ശേഷമാണു വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിന് വേണ്ടി രജപക്‌സെ പുറത്തെടുക്കുന്നത്. കൊല്‍ക്കത്തയെക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ വെറും 9 പന്തില്‍ 3 വീതം ഫോറും സിക്‌സും അടക്കം 31 റണ്‍സാണ് രജപക്‌സ അടിച്ചെടുത്തത്.