സുനില്‍ ഛേത്രിയെ തട്ടിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഗവര്‍ണര്‍; വൈറലായി വിഡിയോ

കഴിഞ്ഞ ദിവസം നടന്ന ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്‌സിക്കായിരുന്നു വിജയം. മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബംഗളൂരു പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിന്റെ വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കിരീടം സ്വീകരിക്കാനെത്തിയ ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേഷന്‍ തള്ളിമാറ്റുന്നതാണ് ഈ വിഡിയോയിലുള്ളത്. ഫോട്ടോയില്‍ തന്റെ മുഖവും വരാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ക്യാപ്റ്റനോട് നീങ്ങി നില്‍ക്കാന്‍ പറയുന്നത്.

മറ്റൊരു വീഡിയോയില്‍ ബംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം. മത്സരത്തില്‍ ബംഗളൂരിനായി ഗോള്‍ നേടിയ താരമാണ് ശിവശക്തി. വിഡിയോകള്‍ക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.