രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയില്‍ ബേസില്‍ ജോസഫും ഭാര്യയും; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് സാക്ഷ്യം വഹിച്ച് സംവിധായകന്‍ ബേസില്‍ ജോസഫും ഭാര്യയും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇരുവരും മത്സരം കാണാന്‍ എത്തിയത്. രാജസ്ഥാന്‍ ജേഴ്‌സി ധരിച്ചുള്ള ചിത്രം ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്ത് രംഗത്തെത്തിയത്.

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി വളരെ അടുപ്പമുള്ളയാളാണ് ബേസില്‍ ജോസഫ്. ഇരുവരും തമ്മിലുള്ള അഭിമുഖം നേരത്തേ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം, മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 50 റണ്‍സെടുത്ത ആര്‍ അശ്വിന്റെ പ്രകടനമാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രാജസ്ഥാനെ കരകയറ്റിയത്. 38 പന്തില്‍ 48 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെ പോരാട്ടവും തുണയായി. നാല് പന്തില്‍ നിന്ന് ആറ് റണ്‍സ് നേടിയ ശേഷം സഞ്ജു സാംസണ്‍ പുറത്തായി.