ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിര്‍മാതാക്കള്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത്.
ബാല നുണ പറയുകയാണ് എന്നാണ് വിനോദ് മംഗലത്ത് പറയുന്നത്. പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായ നടനാണ് ബാല. എന്നിട്ടും രണ്ട് ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തിന് നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു.
ഉണ്ണി മുകുന്ദന് സഹോദരനെ പോലെ ആണെന്നും ഈ ചിത്രത്തിന് താന്‍ പൈസ മേടിക്കില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുതന്നെ പറഞ്ഞു.
എന്നാല്‍ ഡബ്ബിങ്ങിന് എത്തിയപ്പോള്‍ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നുവെന്നും വിനോദ് പറയുന്നു. ഇപ്പോള്‍ എന്താണ് ബാല ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് പറഞ്ഞുവെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന് എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ബാല ഉന്നയിച്ചത്.
സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കുകയും സംവിധായകന് അടക്കമുള്ളവരെ പറ്റിച്ചെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നു.
സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന് അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ പുതിയ ആരോപണം. ഒപ്പം നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും പറയുന്നു. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.
എന്റെ അച്ഛന് 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന് ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല എന്നും ബാല പറഞ്ഞു.
എല്ലാ ടെക്നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി എന്നും ബാല ആരോപിച്ചു.
എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്ക്കും പ്രതിഫലം കൊടുക്കണമെന്നും ബാല പറഞ്ഞു.
പിന്നെ ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ടെന്നാണ് എന്നും ബാല പറയുന്നു.
സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ടെന്നും നടന് പറയുന്നു. ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത് എന്നും ബാല പറയുന്നു.